പോലീസിനുനേരെ ബോംബെറിഞ്ഞ പ്രതി പിടിയിൽ; ഒളിവിൽ കഴിഞ്ഞ വീടിന്‍റെ ഉടമസ്ഥനെ തലക്കടിച്ച് കിണറ്റിൽ തള്ളി
തിരുവനന്തപുരം: പോലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് നിർമാണത്തിൽ ഇരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.
വീട്ടുകാർ രാവിലെ ഇവിടെ എത്തിയപ്പോൾ ഷഫീഖ് ഇവരെ ആക്രമിച്ചതായാണ് വിവരം. വീട്ടുടമസ്ഥന്റെ തലയിൽ കല്ലു കൊണ്ടടിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു. തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഷഫീക്കിനെ പോലീസിന് കൈമാറിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിൻ ഓടി രക്ഷപെട്ടു.
വീട്ടുടമസ്ഥന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കിണറ്റിൽ വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷഫീക്ക്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പോലീസിന് നേരെ ആക്രമണം. രണ്ട് പ്രാവശ്യം ഷഫീക്ക് ബോംബ് എറിഞ്ഞെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷഫീക്കിന് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ആര്യനാട് പോലീസിൽനിന്നു മംഗലാപുരം പോലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നംഗ ഗുണ്ടാ സംഘം പുത്തൻതോപ്പ് സ്വദേശി നിഖിൽ നേർബർട്ടിനെ തട്ടിക്കൊണ്ടു പോകുകയും ബോംബ് എറിയുകയും ചെയ്തത്. കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതിയും ഷഫീക്കിന്റെ സഹോദരനുമായ ഷമീറിനെ സെല്ലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.