Begin typing your search above and press return to search.
നൂറിലേറെ സാക്ഷികള്‍, നിര്‍ണായകമായ തെളിവുകള്‍; ശ്രദ്ധ കൊലക്കേസില്‍ 3000 പേജുള്ള കുറ്റപത്രം
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കി. നൂറിലേറെ പേരുടെ സാക്ഷിമൊഴികള്‍ അടങ്ങിയ മൂവായിരം പേജുള്ള കരട് കുറ്റപത്രമാണ് പോലീസ് സംഘം തയ്യാറാക്കിയത്.
കേസില്‍ ഏറെ നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകളുടെ വിശദാംശങ്ങളും പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴിയും നാര്‍ക്കോ പരിശോധന ഫലവും മറ്റു ഫൊറന്‍സിക് പരിശോധനഫലങ്ങളും അടങ്ങിയതാണ് കുറ്റപത്രം. അന്വേഷണസംഘം തയ്യാറാക്കിയ കരട് കുറ്റപത്രം നിലവില്‍ നിയമകാര്യവിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഇതിനുശേഷം കോടതിയില്‍ സമര്‍പ്പിക്കും.
2022 മേയ് 18-ാം തീയതിയാണ് പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ അഫ്താബ് പൂനെവാല അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പുതിയ ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങള്‍ ഡല്‍ഹി മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ശ്രദ്ധയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. പിടിയിലായ അഫ്താബ് പോലീസിനോട് കുറ്റംസമ്മതിക്കുകയും ചെയ്തു. പോലീസ് സംഘം നടത്തിയ തെളിവെടുപ്പില്‍ വനമേഖലയില്‍നിന്ന് ചില അസ്ഥികള്‍ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. പ്രതി അഫ്താബ് പൂനെവാല കഴിഞ്ഞ നവംബര്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Next Story