പനമരം ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു

പനമരം ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു

June 22, 2018 0 By Editor

കല്‍പ്പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ അനേകം ഇനം നീര്‍പക്ഷികള്‍ പ്രജനനത്തിനെത്തുന്ന പനമരം കൊറ്റില്ലത്തിനു ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു. കൊറ്റില്ലത്തെ ബേര്‍ഡ് റിസര്‍വാക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതില്‍ വിമുഖത കാട്ടുകയാണ് പനമരം പഞ്ചായത്ത്. മുന്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍, മാനന്തവാടി സബ്കളക്ടറായിരുന്ന ശ്രീറാം സാംബശിവറാവു എന്നിവര്‍ കൊറ്റില്ലത്തിന്റെ കാര്യത്തില്‍ താത്പര്യമെടുത്തെങ്കിലും പനമരം പഞ്ചായത്ത് ഭരണസമിതി സഹകരിച്ചില്ല.

പനമരം പുഴയില്‍ നൈസര്‍ഗികമായി രൂപപ്പെട്ട ഒന്നര ഏക്കര്‍ വരുന്ന തുരുത്താണ് കൊറ്റില്ലമായി അറിയപ്പെടുന്നത്. അരിവാള്‍കൊക്കന്റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രമാണ് ഇവിടം. കാരാപ്പുഴ, വളളിയൂര്‍കാവ്, ആറാട്ടുതറ, കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളിലായി ചെറുതും വലുതുമായ 15 കൊറ്റില്ലങ്ങളാണ് 1980 കളില്‍ വയനാട്ടില്‍ ഉണ്ടായിരുന്നത്. നിലവില്‍ പനമരത്തും കോട്ടത്തറയിലും മാത്രമാണ് കൊറ്റില്ലങ്ങള്‍. മലബാറിലെ പ്രധാനപ്പെട്ട കൊറ്റില്ലമാണ് പനമരത്തേത്. അരിവാള്‍ക്കൊക്കനു പുറമേ പാതിര കൊക്ക്, കാലിക്കൊക്ക്, കുളക്കൊക്ക്, ഇടക്കൊക്ക്, ചാരക്കൊക്ക്, വലിയ വെള്ളരിക്കൊക്ക്, ചെറുമുണ്ടി, നീര്‍ക്കാക്ക തുടങ്ങിയവയും വര്‍ഷകാലത്ത് പനമരം കൊറ്റില്ലല്‍ എത്തുന്നുണ്ട്. എല്ലാ വര്‍ഷവും മെയ്-ജൂണ്‍ മാസങ്ങളില്‍ എത്തുന്ന പക്ഷികള്‍ ഒക്ടോബര്‍ അവസാനത്തോടെ മടങ്ങും. കൊറ്റില്ലം സ്ഥിതി ചെയ്യുന്ന തുരുത്ത് സംരക്ഷിത പ്രദേശമായി പ്രഖ്യാപിപ്പിക്കുന്നതിന് 2010ല്‍ മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസറായിരുന്ന എന്‍. പ്രശാന്ത് നീക്കം നടത്തിയെങ്കിലും വനം വകുപ്പിന്റെ പിന്തുണ ലഭിച്ചില്ല. തുരുത്തിലെ പക്ഷിവേട്ടയും മണലെടുപ്പും സംബന്ധിച്ച് നിരന്തരം പരാതികള്‍ ലഭിച്ചപ്പോഴായിരുന്നു ആര്‍ഡിഒയുടെ നീക്കം. കൊറ്റില്ല സംരക്ഷണത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വര്‍ഷങ്ങള്‍ മുന്പ് ആസൂത്രണം ചെയ്ത് പദ്ധതി മുളയിലേ വാടുകയാണുണ്ടായത്.

ജില്ലാ പഞ്ചായത്തിന്റെ 60 ലക്ഷം രൂപയുടെ സംരക്ഷണ പദ്ധതിയും പ്രഖ്യാപനത്തില്‍ ഒതുങ്ങി. പനമരം പുഴയിലെ തുരുത്ത് വനം വകുപ്പിനു കൈമാറുകയാണ് കൊറ്റില്ല സംരക്ഷണത്തിനു ആവശ്യമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.