ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: കോഴിക്കോട്ട് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: കോഴിക്കോട്ട് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

February 1, 2023 0 By Editor

കോഴിക്കോട്: മൂന്നുമാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി. ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരെയാണ് ചൊവ്വാഴ്ച മെഡിക്കല്‍കോളേജ് പോലീസ് പിടികൂടിയത്.

കൂടാതെ നേപ്പാള്‍, തമിഴ്നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞദിവസം നഗരത്തിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയില്‍ ഇടപാടുകാരന്റെ ഫോണ്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പെണ്‍വാണിഭകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഈ കേസിലെ പ്രതികള്‍ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകരാണ്.

പെണ്‍വാണിഭകേന്ദ്രത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്ഥിരമായി യുവതികള്‍ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഝാര്‍ഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്‌ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് അസി.കമ്മിഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നിലാലു, എസ്.ഐ. സദാനന്ദന്‍, സീനിയര്‍ സി.പി.ഒ. ബിന്ദു, സി.പി.ഒ.മാരായ വിനോദ്കുമാര്‍, പ്രജീഷ്, ശ്രീലേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം റെയ്ഡില്‍ പങ്കെടുത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam