ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒട്ടേറേപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു;  റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്

ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒട്ടേറേപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്

February 4, 2023 0 By Editor

ചെന്നൈ: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒട്ടേറേപേര്‍ക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ചെന്നൈയിലെ ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ (raid-in-chennai-global-pharma) എന്ന മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും വെള്ളിയാഴ്ച അര്‍ധരാത്രി പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയില്‍ തുള്ളിമരുന്നിന്റെ സാമ്പിളുകളടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗ്ലോബല്‍ ഫാര്‍മയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്’ ഉപയോഗിച്ചത് കാരണം ഒരുമരണം ഉള്‍പ്പെടെ സംഭവിച്ചതായാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം. കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55-ഓളം അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യു.എസ്. അധികൃതര്‍ അവകാശപ്പെട്ടിരുന്നു. തുള്ളിമരുന്നില്‍ അണുബാധയുണ്ടാകാനാണ് സാധ്യതയെന്നും ഇത് ഉപയോഗിച്ചാല്‍ കണ്ണില്‍ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും യു.എസ് അധികൃതരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വിവാദമായ തുള്ളിമരുന്ന് ഗ്ലോബല്‍ ഫാര്‍മ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചത്. മരുന്ന് ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കി.

സംഭവത്തില്‍ യു.എസ്. അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു. ഇതിനുപിന്നാലെയാണ് ചെന്നൈയിലെ ഗ്ലോബല്‍ ഫാര്‍മയില്‍ റെയ്ഡ് നടത്തിയത്.