ഭൂചലനം: നടുങ്ങി തുര്‍ക്കിയും സിറിയയും; മരണം 641, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ, 20 തുടർ ചലനങ്ങൾ

ഇസ്തംബുള്‍: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി 641ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്…

ഇസ്തംബുള്‍: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി 641ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

തുർക്കിയിൽ 284 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 630 പേർക്കും തുർക്കിയിൽ 440 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story