സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സാപ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ച് ഇ ഡി: ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ തുടരും

സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സാപ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ച് ഇ ഡി: ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ തുടരും

February 16, 2023 0 By Editor

കൊച്ചി: ലൈഫ് മിഷന്‍ കോഴപ്പണം എത്തുന്നതിനു തലേന്ന് സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സാപ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എന്തെങ്കിലും പിഴവു സംഭവിച്ചാല്‍ എല്ലാം അവര്‍ സ്വപ്നയുടെ തലയിലിടുമെന്ന് ശിവശങ്കര്‍ പറയുന്നു. സന്തോഷ് ഈപ്പന് നിര്‍മാണ കരാര്‍ നല്‍കാന്‍ മുന്നില്‍ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ശിവശങ്കറിന്‍റെ ചോദ്യംചെയ്യല്‍ തുടരും.

ലൈഫ് മിഷനില്‍ 4.5 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടു നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇടപാടിനു ചുക്കാൻ പിടിച്ച ശിവശങ്കറിന് ഒരു കോടി രൂപയും ആഡംബര മൊബൈൽ ഫോണും ലഭിച്ചതിന് തെളിവുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിനു മുൻപുതന്നെ മുൻകൂറായി കമ്മിഷൻ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എന്നാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ശിവശങ്കർ നൽകിയിട്ടില്ല. തെറ്റായ വിവരങ്ങൾ നൽകാനും ഒഴിഞ്ഞുമാറാനുമാണ് ശിവശങ്കർ ശ്രമിച്ചത്. ഇതാണ് അറസ്റ്റിന്റെ പ്രധാന കാരണം.

കോഴപ്പണം എത്തിയതിന്റെ തലേന്ന് സ്വപ്നയുമായി ശിവശങ്കർ നടത്തിയ വാട്സാപ് ചാറ്റാണ് സുപ്രധാന തെളിവായി റിമാൻഡ് റിപ്പോർട്ടിൽ ഇഡി കോടതിയിൽ സമർപ്പിച്ചത്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ നിന്റെ തലയിൽ ഇടുമെന്നും ചാറ്റിൽ ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സന്തോഷ് ഈപ്പന് നിർമാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും റിപ്പോർട്ടിലുണ്ട്.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാകും ചോദ്യം ചെയ്യലിന്റെ പ്രധാന ലക്ഷ്യം. അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍, കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്നാണ് കോടതിയുടെ നിലപാട്.