കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ചികിത്സാപിഴവ് സമ്മതിച്ച് നാഷണൽ ഹോസ്പിറ്റലിലെ ഡോക്ടര്‍
കോഴിക്കോട്: നാഷണല്‍ ആശുപത്രിയില്‍ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡോ. ബെഹിര്‍ഷാന്‍ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ആണ് താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. രോഗിയുടെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.
ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവര്‍ത്തിക്കുന്നുണ്ട്. നാഷണല്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങി തുടര്‍ചികിത്സയ്ക്കായി സജ്‌നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതെന്നും മകള്‍ പറഞ്ഞു.
സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഓര്‍ത്തോ വിഭാഗം മേധാവി ഡോ. പി ബഹിര്‍ഷാനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചികിത്സയില്‍ അശ്രദ്ധ കാണിച്ചതിന് ഐപിസി 336-ാം വകുപ്പാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.