ജോലിക്ക് പതിവായി എത്തിയിരുന്നില്ല, കൂടുതല്‍ സമയവും യാത്ര, ഫാഷന്‍ഷോകള്‍ ഹരം ; കള്ളനോട്ട് കേസിലെ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം

ആലപ്പുഴ: കള്ളനോട്ട് കേസില്‍ പിടിയിലായ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതിനടക്കം മുമ്പും ആരോപണ വിധേയ. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്കു…

ആലപ്പുഴ: കള്ളനോട്ട് കേസില്‍ പിടിയിലായ വനിതാകൃഷി ഓഫീസര്‍ മോഡലിങ് രംഗത്തും സജീവം. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതിനടക്കം മുമ്പും ആരോപണ വിധേയ. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ജിഷമോള്‍ ഒട്ടേറെ ഫാഷന്‍ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.

ബി.എസ്‌സി. അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തേ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നെന്നാണ് അടുപ്പക്കാരോട് അവകാശപ്പെട്ടിരുന്നത്. 2009ല്‍ സ്‌പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വി.എച്ച്.എസ്.ഇ. ട്യൂട്ടറായി. 2013-ലാണ് കൃഷിവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.

എടത്വാ കൃഷി ഓഫീസിന്റെ ചുമതലക്കാരി ആയിരുന്നെങ്കിലും ജോലിക്ക് പതിവായി എത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മിക്കവാറും യാത്രയിലായിരിക്കും. ആലപ്പുഴ കളരിക്കല്‍ ഗുരുകുലം എന്ന സ്ഥലത്ത് തനിച്ചാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളുമടക്കം നേടിയിട്ടുണ്ട്. മോഡലിങ് രംഗത്തുനിന്നും ഇവര്‍ക്ക് മികച്ച വരുമാനം ലഭിച്ചിരുന്നതായാണ് അറിയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

മുമ്പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയിരുന്നതായും ആക്ഷേപങ്ങളുണ്ട്. ഭര്‍ത്താവ് മലപ്പുറത്ത് കോളജ് അധ്യാപകനാണെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഓണ്‍െലെന്‍ മാര്‍ക്കറ്റിങ് ബിസിനസും ഭര്‍ത്താവിനുള്ളതായി ഇവര്‍ പോലീസിനോടു പറഞ്ഞു. കള്ളനോട്ട് കേസില്‍ ജിഷമോള്‍ മുഖ്യകണ്ണിയാണെന്നാണു പോലീസിന്റെ നിഗമനം. ഇവരെ ചോദ്യം ചെയ്തതില്‍നിന്നും മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്.

ഫെഡറല്‍ ബാങ്ക് ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയര്‍ ബ്രാഞ്ചില്‍ 500 രൂപയുടെ ഏഴ് വ്യാജ കറന്‍സി നോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബാങ്ക് മാനേജര്‍ ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിഷമോള്‍ കുടുങ്ങിയത്.

ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സിനി ട്രേഡേഴ്‌സ് എന്ന വലക്കടയുടെ നടത്തിപ്പുകാരി സൗമ്യ റഫീഖ് തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ബഷീര്‍ എന്നയാള്‍ മുഖാന്തിരം കഴിഞ്ഞ ഫെബ്രുവരി 25ന് ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട നോട്ടുകളാണ് വ്യാജമാണെന്നു കണ്ടെത്തിയത്. കള്ളനോട്ടാണെന്ന് ബോധ്യമായ ബാങ്ക് അധികൃതര്‍ സൗമ്യ റഫീഖിനെ വിളിച്ചുവരുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

21-ന് െവെകിട്ട് തന്റെ കടയില്‍നിന്ന് ടാര്‍പോളിന്‍ വാങ്ങിയ വ്യക്തി അഞ്ഞൂറിന്റെ ഏഴ് നോട്ടുകള്‍ കൊടുത്തിരുന്നതായും ഈ പണം 23ന് ബാങ്ക് അക്കൗണ്ടില്‍ ഇടാന്‍ എത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് അറിയുന്നതെന്നുമാണ് സൗമ്യ മൊഴി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുപുരം ഭാഗത്തെ കുഞ്ഞുമോന്‍ എന്നയാളാണ് നോട്ടുകള്‍ കൊടുത്തതെന്നും ഇയാള്‍ക്ക് ആലപ്പുഴ മുനിസിപ്പല്‍ പൂന്തോപ്പ് വാര്‍ഡില്‍ സിനിയാസ് ഹൗസില്‍ സിനിയ എം. ജലാല്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന, എടത്വാ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ ജിഷമോളാണ് ഇവ കെമാറിയതെന്നും വ്യക്തമായി.

ജിഷയെ കസ്റ്റഡയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌തെങ്കിലും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ല. എന്നാല്‍ വ്യാജ നോട്ടുകളാണെന്ന് അറിവുണ്ടായിരുന്നതായി അവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story