
ജർമ്മനിയിൽ ക്രിസ്‌ത്യൻ പള്ളിയ്‌ക്കുള്ളിൽ വെടിവയ്‌പ്പ്; നിരവധിപേർക്ക് ജീവൻ നഷ്ടമായതായി സൂചന, മരിച്ചവരിൽ അക്രമിയും !
March 10, 2023ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഹാംബർഗിലെ ജഹോവ ദേവാലയത്തിലാണ് സംഭവം. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആക്രമണുണ്ടായത്. ഒന്നിലധികം പേർ അക്രമിസംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഗ്രോസ്‌ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലാണ് ആക്രമണം നടന്ന പള്ളി. വെടിവയ്പ്പിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് അറിയിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകളിലെല്ലാം കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.