
സ്വർണമാല പണയം വെച്ച് ബില്ലടച്ചു; കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയ തലസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടൽ പ്രവർത്തനം പുനരാരംഭിച്ചു
March 14, 2023തിരുവനന്തപുരം: വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയ തലസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടൽ പ്രവർത്തനം പുനരാരംഭിച്ചു. കോർപറേഷൻ പണം അടക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരി ശ്രീദേവിയുടെ മാതാവിന്റെ സ്വർണമാല പണയം വെച്ചാണ് ബില്ലിനുള്ള തുക കുടുംബശ്രീ പ്രവർത്തകർ കണ്ടെത്തിയത്. ഇതോടെ എട്ടു മാസത്തെ വൈദ്യുതി ബില്ലിന്റെ പണമാണ് ജീവനക്കാർക്ക് കോർപറേഷൻ നൽകാനുള്ളത്.
ഈ മാസം മൂന്നിനാണ് 13,207 രൂപയുടെ ബിൽ അടക്കാത്തിന് ഓവർബ്രിഡ്ജിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്.
തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ആദ്യ ജനകീയ ഹോട്ടലാണ് ഓവർബ്രിഡ്ജിലെ അനന്തപുരി കഫേ. വിധവകളടക്കം 10 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. കുറച്ച് മാസങ്ങളായി കോർപറേഷൻ വൈദ്യുതി ബിൽ അടക്കുന്നില്ല.ഇതിനെതുടർന്ന് മൂന്നു തവണയാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. മൂന്നുതവണയും ജീവനക്കാർ ബിൽ അടച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.