ഭോപ്പാല്‍ വാതക ദുരന്തം: കേന്ദ്രത്തിന്  തിരിച്ചടി, അധിക നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി തളളി സുപ്രീം കോടതി

ഭോപ്പാല്‍ വാതക ദുരന്തം: കേന്ദ്രത്തിന് തിരിച്ചടി, അധിക നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി തളളി സുപ്രീം കോടതി

March 14, 2023 0 By Editor

ന്യൂഡല്‍ഹി: 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനില്‍ നിന്ന് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള കേന്ദ്രത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തളളി. 1989 ലെ ഒത്തുതീര്‍പ്പില്‍ അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് അടച്ച 470 മില്യണ്‍ ഡോളറിനു പുറമെ മറ്റൊരു 7844 കോടി രൂപ കൂടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഭോപ്പാലിലെ പ്ലാന്റിലുണ്ടായ മീഥൈല്‍ ഐസോസയനേറ്റ് വാതക ചോര്‍ച്ചയെത്തുടര്‍ന്ന് മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം ഉണ്ടാകുകയും ചെയ്തിരുന്നു.

ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വഞ്ചനയുടെ പേരില്‍ മാത്രമേ ഒത്തുതീര്‍പ്പ് കേസ് പരിഗണിക്കാനാകുവെന്നും എന്നാല്‍ വഞ്ചിച്ചതായി സര്‍ക്കാര്‍ വാദിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ടിന് ശേഷം ഈ വിഷയം ഉന്നയിക്കുന്നതിന് കേന്ദ്രം ഒരു യുക്തിയില്ല, ഇക്കാര്യത്തില്‍ കേന്ദ്രത്തോട് അതൃപ്തിയുണ്ട്. അധിക നഷ്ടപരിഹാരം എന്ന കേന്ദ്രത്തിന്റെ അപേക്ഷയ്ക്ക് നിയമപ്രകാരം അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.

തീര്‍പ്പാക്കാത്ത നഷ്ടപരിഹാര ക്ലെയിമുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് റിസര്‍വ് ബാങ്കിന്റെ പക്കലുളള 50 കോടി രൂപ ഉപയോഗിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഒപ്പം മാരകമായ വാതക ചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രത്തിനുണ്ടയ അനാസ്ഥയെയും കോടതി കുറ്റപ്പെടുത്തി.

1989 ല്‍ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കുളള നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും കേന്ദ്രവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും ഇനിയും നഷ്ടപരിഹാരം ചോദിക്കുന്നത് ഉചിതമല്ലെന്നും നേരത്തെ വാദം കേള്‍ക്കുന്നതിനിടെ കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒത്തുതീര്‍പ്പിന്റെ സമയത്ത് തുക അപര്യാപ്തമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും കമ്പനി പറഞ്ഞു.

മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാര്‍ഥ നാശനഷ്ടങ്ങളുടെ വ്യാപ്തി ശരിയായി വിലയിരുത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു 1989 ലെ ഒത്തുതീര്‍പ്പ് സമയത്ത് കേന്ദ്രം വാദിച്ചിരുന്നത്. കൂടാതെ ദുരന്തത്തിന്റെ സ്വഭാവം കണക്കിലെടുത്ത് അധിക നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.