കണ്ണൂരിൽ ക്ഷേത്രോത്സവ കലശത്തിൽ പി. ജയരാജന്‍റെ ചിത്രം; പാർട്ടി നിലപാടിന് വിരുദ്ധമെന്ന് എം.വി. ജയരാജൻ
കണ്ണൂർ: ക്ഷേത്രോത്സവ കലശത്തിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജന്‍റെ ഫോട്ടോ ഉൾപ്പെടുത്തിയത് വിവാദമായി. കതിരൂർ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിലാണ് പി. ജയരാജന്‍റെ ചിത്രം ഉൾപ്പെടുത്തിയത്. അതേസമയം, നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തുന്നത് പാർട്ടി നിലപാടല്ലെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
തെയ്യത്തിന്‍റെയും പാര്‍ട്ടി ചിഹ്നത്തിന്‍റെയും ഒപ്പമായിരുന്നു പുല്യോട്ടുംകാവ് ക്ഷേത്രോത്സവ കലശത്തിൽ പി. ജയരാജന്‍റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരാണ് ചിത്രങ്ങൾ കലശത്തിൽ ഉൾപ്പെടുത്തിയത്.കലശങ്ങളും ഘോഷയാത്രകളും രാഷ്ട്രീയ ചിഹ്നങ്ങളോ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടത്തേണ്ടതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.