വെട്ടേറ്റ ഭാര്യയും മരിച്ചു; ബന്ധുക്കൾക്ക് ജാമ്യംനിന്ന് അലിക്ക് വൻ കടക്കെണി; വീട് വിറ്റ് പണം ആവശ്യപ്പെട്ടു, ക്രൂരമായ കൊലപാതകം

അരുവിക്കരയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട് വൈ.അലി അക്ബർ ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് പ്രാഥമിക വിവരം. അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരാണ് മരിച്ചത്. ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.

അലി അക്ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. വീട് വിറ്റ് പണം നൽകണമെന്ന് അലി അക്ബർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. തുടർന്ന് വഴക്ക് പതിവായിരുന്നു. വീടിന്റെ മുകൾ നിലയിലാണ് അലി അക്ബർ താമസിച്ചിരുന്നത്.

രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാൻ ഷാഹിറയും മുംതാസും അടുക്കളയിൽ നിൽക്കുമ്പോൾ അലി അക്ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പിന്നീട് പെട്രോൾ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുൻപ് പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പുറത്താക്കി കതകടച്ചു.

ഇവരുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നു. അയൽക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്ബർ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story