കലാക്ഷേത്രയില്‍ മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി; വിദ്യാർത്ഥികൾ സമരത്തിൽ

ചെന്നൈ: മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ. വിദ്യാർത്ഥികളുടെ രാപ്പകൽ പ്രതിഷേധത്തെത്തുടർന്ന് കലാക്ഷേത്ര…

ചെന്നൈ: മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ. വിദ്യാർത്ഥികളുടെ രാപ്പകൽ പ്രതിഷേധത്തെത്തുടർന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി പൊലീസ് കേസെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികളുള്ളത്.

കലാക്ഷേത്രയിലെ അധ്യാപകരായ ഹരിപദ്മൻ, ശ്രീനാഥ്, സായികൃഷ്ണൻ, സഞ്ജിത് ലാൽ എന്നിവരെ ഉടൻ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികള്‍ സമരം ചെയ്യുന്നത്. ഈ നാലുപേരും മലയാളികളാണ്. അക്കാദമിക് സ്കോർ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവർത്തനങ്ങൾക്കിടയിലും കുട്ടികളെ ലൈംഗികമായി പതിവായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി. ഇരകളായവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടെന്നും എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായ തളർത്തുന്ന തരത്തിൽ അധ്യാപകർ പെരുമാറുന്നെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി മറ്റ് അധ്യാപകരും പൂർവ വിദ്യാർത്ഥികളുമടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തി ആകാത്തവരടക്കം വിദ്യാർത്ഥികൾ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപിതർക്കെതിരെ അധികൃതർ യാതൊരു നടപടികളുമെടുക്കാത്ത സാഹചര്യത്തിലാണ് ഭീഷണി അവഗണിച്ചും വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വലിയൊരു വിഭാഗം അധ്യാപകരുടേയും പിന്തുണ ഇവർക്കുണ്ട്. എന്നാല്‍ സമരം ശക്തമായതോടെ അടുത്ത മാസം ആറ് വരെ കോളേജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പല്‍ പ്രഖ്യാപിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ ഉടനടി കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് നിർദ്ദേശം. ഈ കാലയളവിലെ പരീക്ഷകളും മാറ്റിവച്ചു. പിന്മാറാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ രാത്രി വൈകിയും സമരം തുടർന്നതോടെ വൻ പൊലീസ് സംഘമാണ് കാമ്പസിലെത്തിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. എന്നാൽ കുറ്റാരോപിതരായ നാലുപേരെയും പുറത്താക്കുകയും കേസെടുക്കുകയും ചെയ്യാതെ സമരം നിർത്തില്ലെന്നാണ് വിദ്യാർഥികൾ ആവർത്തിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story