തീവെച്ചത് എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് അടുത്തെത്തിയപ്പോള്‍; ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന് നിഗമനം ! മൃതദേഹങ്ങൾ പാളത്തില്‍ കിടന്നത് 4 മണിക്കൂറോളം

Kozhikode News : കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം

എലത്തൂര്‍ റെയില്‍വേസ്റ്റേഷന് 250 മീറ്റര്‍ അകലെ റെയില്‍പ്പാളത്തില്‍ മണിക്കൂറുകളാണ് മൂന്നുപേരുടെ മൃതദേഹം അനാഥമായി കിടന്നത്. രാത്രി ഒമ്പതരയോടെയാണ് തീവണ്ടിയില്‍ തീവെപ്പുണ്ടായത്. ചങ്ങല വലിച്ച് കോരപ്പുഴ പാലത്തിനുസമീപം തീവണ്ടി നില്‍ക്കുന്നതിനു മുമ്പേ ഈ മൂന്നുപേരും തീവണ്ടിയില്‍നിന്ന് ട്രാക്കില്‍ വീണിരിക്കാമെന്നാണ് കരുതുന്നത്. രാത്രി ഒരുമണിക്കുശേഷമാണ് പാളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിച്ചത്.

കണ്ണൂര്‍ കുന്നോത്ത് കെ.പി. ഹൗസില്‍ നൗഫീഖ് (45), ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ സഹറ ബത്തൂല്‍ (രണ്ടര), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45) എന്നിവരെയാണ് പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് പിന്നാലെ വന്ന തീവണ്ടിയിലെ ലോക്കോപൈലറ്റാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് പറയുന്നത്. തുടര്‍ന്ന് ആര്‍.പി.എഫും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. അപ്പോഴേക്കും നാലുമണിക്കൂര്‍ കഴിഞ്ഞിരുന്നു. അപകടം നടന്നയുടനെ ഇവര്‍ മരിച്ചിരുന്നോ അതോ പിന്നീടാണോയെന്ന് വ്യക്തമല്ല. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പാദമറ്റ നിലയില്‍ ഒരു പാളത്തിലും മറ്റുരണ്ടുപേരുടെയും രണ്ടാമത്തെ പാളത്തിലുമാണ് കണ്ടെത്തിയത്. അതേസമയം, കുട്ടിയുടെ മൃതദേഹം രണ്ടാമത്തെ പാളത്തിനകത്തുനിന്ന് തീവണ്ടി കടന്നുപോയപ്പോള്‍ മറ്റേതിലേക്ക് മാറ്റിയതാണെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്. മരിച്ച മറ്റു രണ്ടുപേര്‍ക്കും തലയ്ക്ക് ക്ഷതമേറ്റ പരിക്ക് മാത്രമാണുള്ളത്. പിന്നാലെ വന്ന തീവണ്ടി കയറിയിറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല.

അതേസമയം സംഭവത്തിനുപിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപത്തെത്തിയപ്പോള്‍ തീവെപ്പിന് ശ്രമിച്ചുവെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. പ്രത്യേകമായി ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന നിഗമനത്തിലാണ് ആദ്യം മുതല്‍ പോലീസ്. ഇതാണ് തീവ്രവാദ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story