എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി

April 5, 2023 0 By Editor

എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ തീവ്രവാദ ബന്ധം നിഷേധിക്കാതെ കേരള പോലീസ്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഡിജിപി എംആർ അജിത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.

പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ തീവ്രവാദ ബന്ധത്തെക്കുറിച്ചുളള സംശയം ബലപ്പെട്ടിരുന്നു. ഇയാളുടെ വീട് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ഡൽഹിയിലെ ഷഹീൻ ബാഗിലാണ്. മാത്രമല്ല സംഭവം നടന്നതിന് പിന്നാലെ ഇയാൾ ട്രെയിനിൽ തന്നെ രക്ഷപെട്ടതിലും ദുരൂഹത തുടരുകയാണ്.

എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോലീസിന് ലഭ്യമായ തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതി ട്രെയിനിൽ രക്ഷപെട്ടുവെന്ന് മനസിലാക്കിയതെന്ന് എഡിജിപി പറഞ്ഞു.

നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതി എന്ന് സംശയിക്കുന്ന ആളെ പിടിച്ചുവെന്നതാണ് ഇപ്പോഴുണ്ടായ നേട്ടം. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിശദമായ വിവരങ്ങൾ വ്യക്തമാകൂവെന്ന് എഡിജിപി പറഞ്ഞു. തീവെയ്പ് നടന്ന കോച്ചുകളിൽ ഉൾപ്പെടെ എഡിജിപിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

ഇന്നലെ രാത്രി ഇയാൾ രത്‌നഗിരിയിലെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
രാത്രി രണ്ടരയോടെ ഇയാൾ റെയിൽവേ സ്‌റ്റേഷന് സമീപം ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചുവെന്നും പിന്നീട് പിടികൂടുകയായിരുന്നുവെന്നും രത്‌നഗിരി പോലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതി എത്തുമെന്ന വിവരം ലോക്കൽ ക്രൈംബ്രാഞ്ചിനെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും അറിയിച്ച ശേഷമാണ് പോലീസ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.