ട്രെയിൻ തീവെപ്പ്: പ്രതിയെ കേരളത്തിൽ എത്തിച്ചു; കൊണ്ടുവരുന്നതിനിടെ വാഹനം പഞ്ചറായി വഴിയിൽ കുടുങ്ങി
കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയുമായി വന്ന അന്വേഷണസംഘത്തിന്റെ വാഹനം പുലർച്ചെ മൂന്നരയോടെ കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വെച്ച് പഞ്ചറായതിനെത്തുടർന്ന് സ്വകാര്യ വാഹനത്തിലാണ് അവിടെനിന്ന് കോഴിക്കോട്ടെത്തിച്ചത്.
വാഹനം പഞ്ചറായതിനെ തുടർന്ന് മൂന്ന് പൊലീസുകാരും സെയ്ഫിയും ഒരു മണിക്കൂറിലധികം റോഡിൽ കുടുങ്ങി. കേരള – കർണാടക അതിർത്തിയിൽവെച്ച് മാറിക്കയറിയ വാഹനമാണ് പഞ്ചറായത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ഡൽഹി സ്വദേശിയായ ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസാണ് ബുധനാഴ്ച പുലർച്ചെ പിടികൂടിയത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് അജ്മീറിലേക്ക് കടക്കാനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.