ട്രെയിനിൽ യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഷാറൂഖ് സൈഫിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയേക്കും
കോഴിക്കോട്: ട്രെയിനിൽ യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഷാറൂഖ് സൈഫിയ്ക്ക് മേൽ യുഎപിഎ ചുമത്തിയേക്കും. ഭീകരാക്രമണമാണ് ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഷാറൂഖ് സൈഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതിന് മുൻപ് യുഎപിഎ ചുമത്തുന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. യുഎപിഎ നിയമത്തിലെ 15, 16 എന്നീ വകുപ്പുകളാകും ഇയാൾക്ക് മേൽ ചുമത്തുക.
ഇന്ന് രാവിലെയോടെയാണ് മുംബൈയിൽ നിന്നും അറസ്റ്റിലായ സൈഫിയെ കേരളത്തിൽ എത്തിച്ചത്. കേരള പോലീസ് മുംബൈയിൽ പോയി തിരികെ കൊണ്ടുവരികയായിരുന്നു. അതേസമയം കൊടും ക്രിമിനലായ പ്രതിയെ അശ്രദ്ധമായാണ് പോലീസ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. മൂന്ന് പോലീസുകാർ മാത്രമാണ് പ്രതിയെ കൊണ്ടുവരാനായി അകമ്പടി സേവിച്ചത്. ഇയാളുമായി വരുന്നതിനിടെ കണ്ണൂർ മേലൂരിന് സമീപത്തുവച്ച് വാഹനത്തിന്റെ ടയർ പഞ്ചറാവുകയും ചെയ്തിരുന്നു. പിന്നീട് സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കോഴിക്കോട് എത്തിച്ചത്.