സംസ്ഥാനത്ത് വേനൽ മഴകനത്തേക്കും ; അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റും മഴയും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് വേനൽ മഴകനത്തേക്കും ; അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റും മഴയും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

April 6, 2023 0 By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ ലഭിക്കുക. ശക്തമായ മഴ പ്രചവിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജില്ലകളിൽ യെല്ലോ അലർട്ടോ, മറ്റ് അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. ബാക്കിയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അധികൃതർ അറിയിച്ചു. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. മിന്നലേറ്റാൽ ഉടൻ അവർക്ക് വൈദ്യസഹായം നൽകണം. കാറ്റ് വീശുമ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. കടൽ ക്ഷോഭത്തിനും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽ തീരത്ത് താമസിക്കുന്നവരും അധികൃതരുടെ അറിയിപ്പ് അനുസരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.