‘അനിലിന്റെ തീരുമാനം വളരെ വേദനിപ്പിച്ചു’; വികാരാധീനനായി എ. കെ. ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി. തികച്ചും തെറ്റായ തീരുമാനമാണ് അനില്‍ എടുത്തത്. ഇന്ത്യയുടെ ഐക്യവും…

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി. തികച്ചും തെറ്റായ തീരുമാനമാണ് അനില്‍ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വുമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ നയങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

അവസാന ശ്വാസം വരെ ആര്‍എസ്എസിനും ബിജെപിക്കും എതിരെ താന്‍ ശബ്ദമുയര്‍ത്തുമെന്നും എ.കെ ആന്റണി വ്യക്തമാക്കി. അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തോട് വികാരാധീനനായിട്ടാണ് എ.കെ ആന്റണി പ്രതികരിച്ചത്.

‘2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യത്തിന്റെ അടിസ്ഥാന നയങ്ങളെ ഇല്ലാതാക്കി. രാജ്യത്തിന്റെ ഐക്യം ദുര്‍ബലമാകുന്നുവെന്നതാണ് ഇതിന്റെ ഫലം. ജനങ്ങളുടെ ഇടയിലുള്ള ഐക്യം ദുര്‍ബലമാകുന്നു. സമുദായ സൗഹാര്‍ദ്ദം കൂടുതല്‍ കൂടുതല്‍ ശിഥിലമാകുന്നു. ഇത് ആപത്ക്കരമായ നിലപാടാണ്.

എന്നെ സംബന്ധിച്ചിടത്തോളം അവസാന ശ്വാസം ഉള്ളതുവരെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തും. അക്കാര്യത്തില്‍ യാതൊരു സംശയവും എനിക്കില്ല. സ്വാതന്ത്ര്യ സമര കാലം മുതല്‍ ജാതിയോ മതമോ ഭാഷയോ ഉപദേശമോ വര്‍ണ്ണമോ വര്‍ഗ്ഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വേട്ടയാടുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍.

ഒരു കാലഘട്ടത്തില്‍ എന്നോടൊപ്പം വളര്‍ന്ന തലമുറയെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ്. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി അകന്നു പോയി. എന്നാല്‍ വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിക്കുകയും കോണ്‍ഗ്രസില്‍ തിരിച്ചുവരികയും ചെയ്തു. ഇന്നെനിക്ക് ആ കുടുംബത്തോട് കൂടുതല്‍ ആദരവും ബഹുമാനവും സ്‌നേഹവും ഉണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാന്‍ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിന്റെ മുന്‍പന്തിയിലുള്ളത് ഗാന്ധി കുടുംബമാണ്. എല്ലാ കാലത്തും ഞാന്‍ ആ കുടുംബത്തോടൊപ്പമായിരിക്കും. എനിക്ക് വയസ്സ് എണ്‍പത്തി രണ്ടായി. ഇനി എത്രനാള്‍ ജീവിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസ്സിന് എനിക്ക് താല്പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിരിക്കും. ആന്റണി പ്രതികരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story