ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച പുറത്തുവന്ന രക്തപരിശോധനാ ഫലത്തിലാണ് സ്ഥിരീകരണമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെയോടെ കോഴിക്കോടെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പിലാണ് ചോദ്യം ചെയ്തത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. തുടർന്നാണ് ഷാരൂഖിന് അസുഖം സിഥിരീകരിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതും കസ്റ്റഡിയില്‍ വാങ്ങുന്നതുമായ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
പ്രാഥമിക ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി അപേക്ഷ എന്നാണ് കരുതുന്നത്. ആരോഗ്യപരമായ സ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കുക. എന്നാല്‍, കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരിലേക്കെത്താന്‍ ആദ്യഘട്ടത്തില്‍ തന്നെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം പോലീസ് മജിസ്‌ട്രേറ്റിന് മുന്നിലുയര്‍ത്തും.
ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു എലത്തൂരിലെ തീവണ്ടി തീവെപ്പ്. 24 മണിക്കൂറിനകം പ്രതി എങ്ങനെ രത്‌നഗിരിയിലെത്തിയെന്നതിനെക്കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല. ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് മഹാരാഷ്ട്രയിലെത്തിയത് എന്നാണ് പ്രാഥമിക വിവരം. ഇതിനിടെ എവിടെയെങ്കിലും തങ്ങിയോ? സഹായിക്കാന്‍ കൂട്ടാളികളുണ്ടായിരുന്നോ എന്നതിലും ദുരൂഹത തുടരുന്നുണ്ട്.