ഓഫീസിലേക്ക് ഇരച്ചെത്തി അക്രമിസംഘം; ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹി ദ്വാരകയിലെ ബി.ജെ.പി. നേതാവായ സുരേന്ദ്ര മഡിയാളയെയാണ് രണ്ടംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ സുരേന്ദ്രയുടെ ഓഫീസിലായിരുന്നു സംഭവം.
സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുന്നതിനിടെയാണ് മുഖംമറച്ചെത്തിയ രണ്ടുപേര്‍ ഇവിടേക്കെത്തിയത്. തുടര്‍ന്ന് ബി.ജെ.പി. നേതാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ ഇതിനുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരേ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് ശേഷം രണ്ടുപ്രതികളും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
രണ്ടുപേരാണ് ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയതെങ്കിലും സംഘത്തില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമാണ് ഓഫീസിനകത്തേക്ക് കയറിയത്. ഈ സമയം മൂന്നാമന്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നില്‍ക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂവരും ഇതേ ബൈക്കില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ആരെയെങ്കിലും സംശയമുള്ളതായി സുരേന്ദ്രയുടെ കുടുംബം മൊഴി നല്‍കിയിട്ടില്ല. മാത്രമല്ല, ആരുമായും ശത്രുതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മകന്റെയും മൊഴി. എന്നാല്‍ സുരേന്ദ്രയുമായി ചിലര്‍ക്ക് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായി വിവരങ്ങളുണ്ട്. ഇതുകേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം തുടരുകയാണ്. 2017-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദ്ര. കിസാന്‍മോര്‍ച്ചയുടെ നജഫ്ഘട്ട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.