എലത്തൂർ ട്രെയിൻ തീവെയ്പ്പ് : ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി
തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കു മേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമനം (യുഎപിഎ) ചുമത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു പ്രതിക്കെതിരെ യുഎപിഎ ചേർത്തത്. ചോദ്യം ചെയ്യലിൽനിന്നു പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്നു കേന്ദ്ര ഏജൻസികൾ നേരത്തേതന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. യുഎപിഎ ചേർത്താൽ മാത്രമേ എൻഐഎക്ക് കേസ് ഏറ്റെടുത്ത് പൂർണ അന്വേഷണത്തിലേക്കു പോകാനാകൂ. സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അവർ നൽകുന്ന വിവരങ്ങളിൽനിന്നു തികച്ചും വ്യത്യസ്തനാണു കേരളത്തിലെത്തിയ ഷാറുഖ് സെയ്ഫിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊർജിതമാക്കിയത്. ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി.