'പിണറായി വിജയന്റെ വിരുന്നല്ല, മുഖ്യമന്ത്രിയുടെ വിരുന്ന്'; വിശദീകരണക്കുറിപ്പ് ഇറക്കി ലോകായുക്തയുടെ അസാധാരണ നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കി ലോകായുക്തയുടെ അസാധാരണ നടപടി. കേസിലെ ഭിന്ന വിധി, മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേപ്പട്ടി പരാമര്‍ശം എന്നീ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കുറിപ്പ്. ലോകായുക്തയുടെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു കേസുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി വിശദീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് കുറിപ്പില്‍ പറയുന്നു. എന്തുകൊണ്ട് ഭിന്ന വിധി എന്നതില്‍ വിശദീകരണം ആവശ്യമില്ല. നേരത്തെയും ഭിന്ന വിധി വന്നപ്പോള്‍ അത് എന്തുകൊണ്ടെന്നു വിധിന്യായത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതു സംബന്ധിച്ച ആക്ഷേപത്തിലും കുറിപ്പില്‍ വിശദീകരണമുണ്ട്. ജഡ്ജിമാര്‍ പങ്കെടുത്തത് ഏതെങ്കിലും വ്യക്തി നടത്തിയ വിരുന്നില്‍ അല്ല. പിണറായി വിജയന്റെ വിരുന്നില്‍ അല്ല, സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വിരുന്നിലാണ് പങ്കെടുത്തത്്. വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധി എന്ന ചിന്ത അധമമാണ്. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ ഇത്തരത്തില്‍ വിരുന്നില്‍ പങ്കെടുക്കാറുണ്ടെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരനെതിരെ പേപ്പട്ടി പരാമര്‍ശം നടത്തിയെന്നത് കുപ്രചാരണമാണ്. പരാതിക്കാരനും കൂട്ടാളികളും സാമൂഹ്യ മാധ്യമങ്ങളിലടക്കം ജഡ്ജിമാരെ അവഹേളിച്ചെന്നും കുറിപ്പില്‍ പറയുന്നു.