തീച്ചൂളയിൽ വീണ അതിഥി തൊഴിലാളി മരിച്ചു; ഉടലിന്റെ ഭാഗങ്ങൾ കണ്ടെത്തി, തലയോട്ടിക്കായി തിരച്ചിൽ
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ…
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ…
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാൽപാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.
അഗ്നിരക്ഷാ സേനയും പൊലീസും ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.
ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന നസീർ, ഇന്നലെ രാവിലെ 6.30നാണ് കുഴിയിൽ വീണത്. ഇവിടെ 15 അടിക്കു മേൽ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തിൽ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പിൽ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നസീർ ഒരാഴ്ച മുൻപാണ് ഓടക്കാലിയിൽ എത്തിയത്. അടിഭാഗത്തെ തീച്ചൂളയിൽ പെട്ടിരിക്കാം എന്ന സംശയത്തിൽ യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റി തിരച്ചിൽ നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വൈകിട്ടോടെ തിരച്ചിൽ നിർത്തി. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ച് അധികം വൈകാതെ മൃതദേഹ ഭാഗം കണ്ടെത്തി.