എഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

കാസർകോട്: എഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ വിടാതെ പ്രതിപക്ഷം.. പദ്ധതിയിൽ 132കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പദ്ധതി തന്നെ അഴിമതിക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനരേഖകൾ ഇപ്പോഴും കെൽട്രോൺ മറച്ചുവച്ചിരിക്കുക ആണ്, പ്രവൃത്തി പരിചയം ഇല്ലാത്ത അക്ഷര കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിച്ചുവെന്നും കമ്പനിയുടെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സേഫ് കേരള പദ്ധതിയുടെ എഐ ക്യാമറയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുപുറത്തു കൊണ്ടു വരാനായി താനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിരവധി രേഖകള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകളാണിവ. അവ ഒന്നും ഖണ്ഡിക്കാന്‍ സര്‍ക്കാരിനോ കെല്‍ട്രോണിനോ കഴിഞ്ഞിട്ടില്ല. കഷ്ടിച്ച് 100 കോടി രൂപയ്ക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ട രേഖകളാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്.

ഇന്നലെ കെൽട്രോൺ പുറത്തുവിട്ട രണ്ട് രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. റിപ്പോര്‍ട്ടിലെ സീരിയല്‍ നമ്പര്‍ 4 ല്‍ 2. 2. എന്ന കോളത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റജിസ്റ്റര്‍ ചെയ്തത് 2017 ല്‍ ആന്നെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ആ കമ്പനി രൂപീകരിച്ചിട്ട് 6 വര്‍ഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാന്‍ ഈ ഒരൊറ്റ ഉദാഹരണം മതി.

ഇപ്പോഴും ചിലപ്രധാന രേഖകള്‍ മറച്ചു വച്ചാണ് കെല്‍ട്രോണ്‍ ഡോക്കുമെന്റുകള്‍ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെക്നിക്കൽ ഇവാലുവേഷൻ സമ്മറി റിപ്പോർട്ടും ഫിനാ‍ൻഷ്യൽ ബിഡ് ഇവാലുവേഷൻ സമ്മറി റിപ്പോർട്ടും ഒറ്റനോട്ടത്തില്‍ തന്നെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളെന്ന് മനസിലാവും. രണ്ടിന്റെയും തലക്കെട്ടില്‍ ചെറിയ വ്യത്യാസം ഉണ്ടെന്നേയുള്ളൂ. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന സുപ്രധാന രേഖകളാണ് ഇവ. ഈ രണ്ട് രേഖകളുടെയും വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും കെല്‍ട്രോണും ബോധപൂര്‍വം മറച്ചുവച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ഇവ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ 2018 ഓഗസ്റ്റ് മൂന്നിലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അവ ലംഘിക്കപ്പെട്ടിരിക്കുന്നു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടു ദിവസം മുൻപ് മാത്രമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചത്.

രേഖകള്‍ പ്രകാരം നാലു കമ്പനികളാണ് ടെൻഡറില്‍ പങ്കെടുത്തിരിക്കുന്നത്. അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അശോക ബിൽഡ്കോൻ ലിമിറ്റഡ്, ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡ്, എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണവ. ഇതില്‍ ഗുജറാത്ത് ഇൻഫോടെക് ഒഴികെയുള്ള മറ്റു മൂന്ന് കമ്പനികള്‍ക്കും ടെക്നിക്കൽ ഇവാലുവേഷനിൽ ക്വാളിഫിക്കേഷൻ നൽകി. എന്നാല്‍ യോഗ്യതയില്ലാത്ത അക്ഷര എന്റർപ്രൈസസിനെ എങ്ങനെ ഉള്‍പ്പെടുത്തിയെന്ന് അദ്ദേഹം ചോദിച്ചു.

പദ്ധതിയുടെ ടെണ്ടര്‍ നേടിയ എസ്ആർഐടിയ്ക്ക് ട്രാഫിക് നിരീക്ഷണത്തിനുള്ള ക്യാമറ വച്ചുള്ള മുന്‍പരിചയം ഇല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത് കാരണം അവര്‍ അഞ്ചോളം കമ്പനികളെയാണ് ആശ്രയിച്ചത്. അവയില്‍ പലതും തട്ടിക്കൂട്ട് കമ്പനികളുമാണ്. ടെണ്ടറില്‍ ഒത്തുകളി നടന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവന്ന രേഖകള്‍ നല്‍കുന്നത്. നേരത്തെ തയാറാക്കിയ തിരക്കഥ അനുസരിച്ച് ടെണ്ടര്‍ നടപടികള്‍ നടന്നു എന്ന് തെളിയിക്കുന്നതാണ് കെല്‍ട്രോണ്‍ തന്നെ പുറത്തു വിട്ട രേഖകളെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story