കോണ്‍ഗ്രസിന് ഭീകരതയെ പ്രീണിപ്പിക്കുന്ന ചരിത്രം” കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്നപോലെ നില്‍ക്കാന്‍ ബിജെപിക്ക് കഴിയില്ല ; മോദി

കോണ്‍ഗ്രസിന് ഭീകരതയെ പ്രീണിപ്പിക്കുന്ന ചരിത്രം” കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്നപോലെ നില്‍ക്കാന്‍ ബിജെപിക്ക് കഴിയില്ല ; മോദി

May 2, 2023 0 By Editor

ചിത്രദുര്‍ഗ (കര്‍ണാടക): കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി. കോണ്‍ഗ്രസിന് ഭീകരവാദികളെ പ്രീണിപ്പിക്കുന്ന ചരിത്രമാണുള്ളത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്നപോലെ നില്‍ക്കാന്‍ ബിജെപിക്ക് കഴിയില്ല. ഭീകരതയെ തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നത്. -ചിത്രദുര്‍ഗയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

2008ലെ ബട്യാല ഹൗസ് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ച സംഭവം ഓര്‍മ്മപ്പെടുത്തിയാണ് മോദിയുടെ പ്രസംഗം. ബട്യാല ഹൗസ് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിറകണ്ണുകളോടെയാണ് കേട്ടത്. സര്‍ജിക്കല്‍ സ്‌ട്രൈക്കും എയര്‍ സ്‌ട്രൈക്കുകളും നടക്കുമ്പോള്‍ കോണ്‍ഗ്രസ് സൈന്യത്തിന്റെ ശക്തിയെ ചോദ്യം ചെയ്യുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ഭീകരവാദം വളര്‍ത്തിയതെന്ന നോക്കൂ. അവര്‍ കര്‍ണാടകയെ ഭീകരരുടെ കാരുണ്യത്തിന് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെയും ജെഡിഎസിനേയും സൂക്ഷിക്കണം. തിരഞ്ഞെടുപ്പില്‍ വേറിട്ട മത്സരമാണെങ്കിലും ഇരുപാര്‍ട്ടികളും ഒരു മനസ്സുള്ളവരാണ്. കുടുംബവാഴ്ചയും അഴിമതിയുമാണ് ഇരുപാര്‍ട്ടികളിലും. കര്‍ണാടകയുടെ വികസനം ഇരുപാര്‍ട്ടികളുടെയും വിഷയമല്ല.

കര്‍ണാടകയില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ട്. വികസിത ഇന്ത്യയില്‍ ചാലക ശക്തിയായി സംസ്ഥാനം പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.