തമിഴ്നാട് വനപാലകരുടെ ശ്രമം വിഫലം; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ

തമിഴ്നാട് വനപാലകരുടെ ശ്രമം വിഫലം; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ

May 8, 2023 0 By Editor

ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽത്തന്നെ തുടരുന്നു. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനിടെ, മേഘമലയിലേക്കു പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിൽ കറങ്ങി നടക്കുകയാണ് അരിക്കൊമ്പൻ. തിരികെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കയറിപ്പോകുന്ന ലക്ഷണങ്ങളില്ല. മേഘമലയിൽ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകർഷിക്കുന്നതെന്നാണു വിലയിരുത്തൽ.

30 പേരടങ്ങുന്ന ഒരു സംഘം തമിഴ്നാട് വനപാലകർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളത്. ഇന്നലെ രാത്രി മേഘമലയിലേക്കുള്ള ചുരത്തിലൂടെ ഇറങ്ങി നടന്ന കൊമ്പൻ, അതുവഴി വന്ന ബസിനു നേരെ പാഞ്ഞടുത്തു.

നിലവിൽ അരിക്കൊമ്പനുള്ള മേഘമല കടുവാ സങ്കേതത്തിനുള്ളിൽനിന്ന് വീണ്ടും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് വനപാലകർ നടത്തുന്നത്. വീണ്ടും ഇറങ്ങിവന്നാൽ മേഘമലയ്ക്കു താഴെയുള്ള ചിന്നമന്നൂരിലേക്കു പോകാൻ സാധ്യതയുണ്ട്. വൻ ജനവാസ മേഖലയും കൃഷിഭൂമിയുള്ള ഇവിടേക്ക് അരിക്കൊമ്പൻ ഇറങ്ങിയാലുള്ള അപകടം മുൻകൂട്ടി കണ്ടാണ് വനംവകുപ്പിന്റെ നീക്കം.