പാന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒരു ലിങ്ക് ; അധ്യാപികയുടെ  അക്കൗണ്ടില്‍ നിന്നും പോയത് ഒരുലക്ഷം; ബീഹാറുകാരെ  പൊക്കി കേരളാപോലീസ്

പാന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒരു ലിങ്ക് ; അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും പോയത് ഒരുലക്ഷം; ബീഹാറുകാരെ പൊക്കി കേരളാപോലീസ്

May 10, 2023 0 By Editor

മാവേലിക്കര: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മാവേലിക്കര സ്വദേശിനിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ച ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. പാട്‌ന സായ്മന്ദിര്‍ റീത്ത ബങ്കിപ്പൂര്‍ ബന്‍വര്‍ പൊഖാര്‍ ബഗീച്ച സൂരജ്കുമാര്‍(23), അമന്‍കുമാര്‍(21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ എസ്.ബി.ഐ. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നെന്ന വ്യാജസന്ദേശം മൊെബെല്‍ ഫോണിലേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്.

പാന്‍കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ലിങ്കും അയച്ചു . ലിങ്കില്‍ ക്ലിക്ക് ചെയ്ത് അല്‍പസമയത്തിനകം അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും 1,34,986 രൂപ നഷ്ടപ്പെട്ടു. അധ്യാപികയുടെ പരാതിയിലാണ് മാവേലിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി: എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

നഷ്ടമായ പണം റിലയന്‍സ് റീട്ടെയില്‍ ഇന്റര്‍നെറ്റ് പര്‍ച്ചേസ് വഴി 1.10 ലക്ഷം രൂപ വിലയുള്ള സാംസങ്ങ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനും ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ബീഹാറിലെ പാട്‌നയിലുള്ള അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.

രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പാട്‌നയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായത്. കഴിഞ്ഞ നാലിന് പട്‌ന പിര്‍ബാഹോര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാട്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ഓര്‍ഡര്‍ വാങ്ങിയ ശേഷം പ്രതികളെ മാവേലിക്കരയില്‍ എത്തിച്ചു.

മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.