മലപ്പുറത്ത് പുഴയിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം; കണ്ടെത്തിയത് 10 അടി താഴ്ചയുള്ള 20 കുഴികൾ

ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പാെലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ ഇന്നലെ രാവിലെ സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ പുഴ കുഴിച്ച് ഖനനം നടത്തുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ എല്ലാവരും കടന്നുകളഞ്ഞു.

പുഴയിൽ ആഴത്തിൽ കുഴികളെടുത്ത് മണൽ ശേഖരിക്കുന്നു. രാത്രി മണ്ണുമാന്തി കൊണ്ട് കുഴികളെടുക്കാറുണ്ട്. 5 എച്ച്പി ശേഷിയുള്ള മോട്ടർ ഉപയോഗിച്ച് കുഴിയിലെ വെളളം വറ്റിച്ചാണ് മണലെടുപ്പ് . ശേഖരിച്ച മണൽ മരച്ചട്ടികളിലാക്കി പുഴ വെള്ളത്തിൽ അരിച്ച് സ്വർണ്ണത്തരികളെടുക്കുന്നു. മെർക്കുറി ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്.

തോണിക്കടവ് മുതൽ ഓടായ്ക്കൽ റെഗുലേറ്റർ കം ബ്രിജിന് സമീപം വരെ 20 കുഴികൾ പൊലീസ് കണ്ടെത്തി. മിക്കതും 10 അടി വരെ താഴ്ചയുള്ളത്. വിനോദ സഞ്ചാരികൾ പുഴയിലിറങ്ങുന്ന ഭാഗം കൂടിയാണിത്. മഴക്കാലത്ത് ചുഴികൾ രൂപപ്പെട്ട് ചതിക്കുഴികളായി അപകട സാധ്യതയേറെയാണ്. പുഴയിൽ താഴെ ഭാഗത്ത് ശുദ്ധജല പദ്ധതികൾ ഉണ്ട്. തീരത്ത് കിണറുകളും ഏറെയാണ്. മെർക്കുറി വെള്ളത്തിൽ കലർന്ന് ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

9 മോട്ടറുകൾ, പിക്കാസ്, തൂമ്പ, മരച്ചട്ടികൾ തുടങ്ങിയ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തു. എസ്ഐ എ.രാജൻ, ടി. ബിജേഷ്, ടി. ധന്യേഷ്, സി.ടി.അനസ്, അബ്ദുൽ മജീദ്, മാധവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കും

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story