പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴിൽ തട്ടുകട നടത്തുന്ന 65കാരി ഓമനക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികൾ തട്ടുകടയിൽ എത്തി അതിക്രമം നടത്തിയത്. മൂന്ന് പേർ കടയിൽ എത്തി പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട നൽകാൻ അല്പം വൈകിയപ്പോൾ പ്രതികൾ പ്രകോപിതരായി. ചിക്കൻ പാകം ചെയ്യാൻ വച്ചിരുന്ന തിളച്ച എണ്ണ കടയുടമയായ 65 വയസുള്ള ഓമനയ്ക്ക് നേരെ എറിഞ്ഞു. പിന്നാലെ കടയിൽ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. കുറക്കട ചരുവിള വീട്ടിൽ ഉണ്ണി എന്ന അജിത്ത്, അപ്പു എന്ന അനീഷ്, മുടപുരം പുത്തൻവിള വീട്ടിൽ മാരി എന്ന വിനോദ് എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.