കണ്ണൂരിൽ ബ്ലാക്ക് മാൻ എന്നപേരിൽ ഭീതിവിതച്ച ആൾ CCTV-യില്‍; ചുമരില്‍ എഴുതുന്ന ദൃശ്യം ലഭിച്ചു

കണ്ണൂരിൽ ബ്ലാക്ക് മാൻ എന്നപേരിൽ ഭീതിവിതച്ച ആൾ CCTV-യില്‍; ചുമരില്‍ എഴുതുന്ന ദൃശ്യം ലഭിച്ചു

July 30, 2023 0 By Editor

കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക്മാന്‍ എന്നെഴുതുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിലെ മലയോര മേഖലയായ ആലക്കോട്, ചെറുപുഴ, തീര്‍ത്തെല്ലി മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലാക്ക്മാന്റെ ശല്യമുണ്ടായിരുന്നു.

ഇന്നലെ രാത്രി പ്രാപ്പൊയിലിലെ വീട്ടില്‍ ബ്ലാക്ക്മാനെത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യില്‍ പതിയുകയായിരുന്നു. രാത്രി 11.30-ഓടെയാണ് ഇയാളെത്തിയത്. കണ്ണൂരിന്റെയും കാസര്‍കോടിന്റെയും പലഭാഗങ്ങളില്‍ ഇതേ രീതിയില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഒന്നിലധികം ആളുകള്‍ ഇതിനുപിന്നില്‍ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

രാത്രിയില്‍ വീടുകളിലെത്തി ജനലില്‍ തട്ടി ഒച്ചയുണ്ടാക്കുക, പൈപ്പ് തുറന്നിടുക, ചുമരില്‍ കരികൊണ്ട് ബ്ലാക്ക്മാന്‍ എന്നെഴുതുക, ചിത്രം വരയ്ക്കുക, കരിയില്‍ മുക്കി കൈമുദ്ര പതിപ്പിക്കുക, ബള്‍ബുകള്‍ ഊരിമാറ്റുക തുടങ്ങിയവയൊക്കെ ചെയ്ത് വീട്ടുകാരെ ഭീതിയിലാക്കുന്നത് ജില്ലയില്‍ പതിവായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടും ആളെ ഇതുവരെ പിടികൂടാനോ തിരിച്ചറിയാനോ കഴിഞ്ഞിരുന്നില്ല.

തുടക്കത്തിൽ വാതിലുകളിലും ജനലുകളിലും ഇടിച്ച് ശബ്ദമുണ്ടാക്കി ആളുകളെ പേടിപ്പിക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളിൽ ബ്ലാക്ക്മാൻ എന്ന പേര് വന്നതോടെ ഇയാൾ സ്വയം ബ്ലാക്ക്മാൻ എന്ന് വിശേഷിപ്പിച്ച് ചുവരെഴുത്ത് തുടങ്ങുകയായിരുന്നു.

ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിരവധി വീടുകളിലാണ് ബ്ലാക്ക്മാനെന്ന പേരില്‍ ഈ വിധത്തില്‍ ഭീതിയുളവാക്കുന്ന സംഭവങ്ങളുണ്ടായത്. ഒരുമാസം കഴിഞ്ഞിട്ടും സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനായില്ല. തുണികള്‍ മടക്കിവയ്ക്കുക, കുടകള്‍ നശിപ്പിക്കുക, പാത്രങ്ങള്‍ തള്ളിയിടുക എന്നിവയും ബ്ലാക്ക്മാന്റെ വിനോദമാണ്.