ജേക്കബ് തോമസിനു തിരിച്ചടി; ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിനുള്ള നിർദ്ദേശം.

അതേസമയം, അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും, ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശം നൽകി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹോളണ്ടിലെ കമ്പനിയിൽ നിന്നു ഡ്രജർ വാങ്ങിയതിന്റെ പല വസ്തുതകളും സർക്കാരിൽ നിന്നു മറച്ചുവച്ചെന്ന് അപ്പീലിൽ ആരോപിക്കുന്നു.തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ 2019 ൽ ആണ് വിജിലൻസ് കേസ് എടുത്തത്.

പിന്നീട് ഹൈക്കോടതി ഇതു റദ്ദാക്കി. സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഡ്രജർ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്. ടെൻഡർ നടപടികളിൽ ജേക്കബ് തോമസിനു ഗുരുതരവീഴ്ച സംഭവിച്ചെന്ന് അപ്പീലിൽ ആരോപണമുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story