പലിശനിരക്കില്‍ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

പലിശനിരക്കില്‍ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

October 6, 2023 0 By Editor

തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് പണനയസമിതി യോഗശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  മുന്‍ഗണന വായ്പകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയ ടാര്‍ഗറ്റ്  പൂര്‍ത്തിയാക്കിയ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പ പരിധി റിസര്‍വ് ബാങ്ക് കൂട്ടി.

അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കെ റിപ്പോ നിരക്ക് കുറച്ച് പലിശനിരക്ക് കുറയ്ക്കാമായിരുന്നെങ്കിലും റിസര്‍വ് ബാങ്ക് അതിന് മുതിര്‍ന്നില്ല.  വിലകയറ്റ നിരക്ക് റിസര്‍വ് ബാങ്കിന്‍റെ  സഹനപരിധിയായ ആറു ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതാണ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ കരാണം.   രണ്ടു മാസത്തേക്കുള്ള പലിശ നിരക്കാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . നടപ്പുസാമ്പത്തിക വര്‍ഷത്തെ വിലകയറ്റതോതിന്‍റെ  പ്രവചനം  5.4 ശതമാനമായി തന്നെ ആര്‍ബിഐ നിലനിര്‍ത്തി.  വളര്‍ച്ചയുടെ അനുമാനം 6.5 ശതമാനം തന്നെയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

കൃഷി, ഭവനം, ചെറുകിടവായ്പ എന്നീ  മുന്‍ഗണന വായ്പകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയ ടാര്‍ജ്റ്റ്  പൂര്‍ത്തിയാക്കിയ അര്‍ബന്‍ ബാങ്കുകള്‍ക്കാണ്  സ്വര്‍ണവായ്പ പരിധി  റിസര്‍വ് ബാങ്ക് കൂട്ടിയത്. ഒറ്റതിരിച്ചടവ്   സ്വര്‍ണപണയവായ്പയുടെ പരിധിയാണ്  രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാക്കിയാക്കിയത്.  പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും  സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും അര്‍ബന്‍ സഹകരണ ബാങ്കുകളിലേക്ക് സ്വര്‍ണവായ്പ എത്തുന്നതിന് തീരുമാനം കാരണമാവും.  സെപ്റ്റംബറിൽ പണപ്പെരുപ്പം കുറയുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പ്രതീക്ഷ.

RBI Monetary Policy October 2023