
തൃശ്ശൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
October 16, 2023തൃശ്ശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. പൂങ്കുന്നം സ്വദേശി അർജുൻ അലോഷ്യസ്, കുറ്റൂർ സ്വദേശി അബി ജോൺ, നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂർ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാർഥികളാണ് ഇവർ.
ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാർഥികൾ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം. കഴിഞ്ഞ ദിവസത്തെ മഴയിൽ ചിറയിലെ ജലനിരപ്പ് ഉയർന്നിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.നാലു പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.