സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ ഇന്ന് നിര്‍ണ്ണായക വിധി
ന്യൂഡൽഹി: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് നിര്‍ണ്ണായക വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ…
ന്യൂഡൽഹി: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് നിര്‍ണ്ണായക വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ…
ന്യൂഡൽഹി: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് നിര്‍ണ്ണായക വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നത്. 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന ഹര്‍ജികളിലാണ് വിധി പ്രസ്താവം.
സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുന്നത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദംകേട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 10.30 ന് ആണ് വിധിപ്രസ്താവം.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസ് കഴിഞ്ഞ സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹര്‍ജികളില്‍ വാദം കേട്ട വേളയില്‍ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ 'പുരുഷനും സ്ത്രീയും' എന്നത് 'വ്യക്തി' എന്നും 'ഭര്‍ത്താവും ഭാര്യയും' എന്നത് 'ദമ്പതിമാര്‍' എന്നുമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗമെന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് നിയമസാധുത നിഷേധിക്കരുതെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്വകാര്യത മൗലികാവകാശമാക്കിയ 2017 -ലെ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി അടിസ്ഥാനമാക്കിയായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് 2018 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. വിവാഹം സംബന്ധിച്ച കാഴ്ചപ്പാടുകളിലെ മാറ്റം നിയമത്തിലും പ്രതിഫലിക്കണമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലാണ്. പുരുഷനും സ്ത്രീയും തമ്മില്‍ അല്ല. ഇതിനായി നിയമത്തിലും മാറ്റം ഉണ്ടാകണം എന്നാണ് ആവശ്യം.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ ഇതില്‍ വിവേചനം ഉണ്ടാകരുത് എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമ പ്രാബല്യം ഇല്ലാത്തതിനാല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കല്‍, പിന്തുടര്‍ച്ചാ അവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതില്‍ പങ്കാളിയുടെ കോളത്തില്‍ പേര് ചേര്‍ക്കല്‍ തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയം ആണെങ്കിലും സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങള്‍ വിവാഹത്തിന്റെ പേരില്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട്, 1955 ലെ ഹിന്ദു വിവാഹ നിയമം, 1969 ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത ഭരണഘടന ബെഞ്ച് പരിശോധിച്ചിട്ടില്ല. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമോ എന്നതില്‍ ആണ് ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലോകത്തില്‍ 34 രാജ്യങ്ങളിലാണ് ഇത് വരെ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്.