മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്; 19ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകണം

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്; 19ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകണം

November 10, 2023 0 By Editor

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം പത്തൊന്‍പതിന് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രിത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ പത്രപ്രവര്‍ത്തകയുണിയനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളില്‍ സ്പര്‍ശിച്ചുകൊണ്ട് മോളെ എന്ന് വിളിച്ച് മറുപടി പറഞ്ഞത്. ആ സമയത്ത് പെട്ടെന്ന് ഷോക്കായി പോയി. എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തുമാറ്റാനായി പിന്നിലേക്ക് വലിഞ്ഞു. മാധ്യമപ്രവര്‍ത്തകയായതിനാല്‍ തുടര്‍ ചോദ്യങ്ങളുണ്ടായിരുന്നു. അതിനാല്‍ ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചു. അപ്പോഴും പ്രതികരണം ഇങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി തോളില്‍ കൈവെച്ചത് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ലെന്നും സൗഹൃദ സംഭാഷണത്തിനായിരുന്നില്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു താന്‍ പോയതെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.

സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ മാപ്പുപറച്ചില്‍.മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയായി പെരുമാറിയിട്ടില്ല.എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് തന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.