നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്, പെൻഷനും ശമ്പളത്തിനും പണമില്ല; സർക്കാരിനെതിരേ ഗവർണർ
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് വലിയ ആഘോഷങ്ങള്‍ക്കും സ്വിമ്മിങ് പൂള്‍ പണിയാനും കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജിയും കഴിഞ്ഞ ദിവസം ഫയല്‍ ചെയ്തിരുന്നു. ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭാംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നാണ് പ്രത്യേക അനുമതി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയായിരുന്നു സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജിയും ഫയല്‍ചെയ്തത്. ഇതിനുപിന്നാലെയാണ് സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ വിമര്‍ശനം കടുപ്പിച്ചത്.