അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍
അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍, അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം
ചെന്നൈ: അതിവിദഗ്ദമായി മോഷ്ടിച്ച ഏഴു ലക്ഷം വിലയുള്ള സാരികള്‍ പോലീസിന് പാഴ്‌സല്‍ അയച്ച് കൊള്ളസംഘം. സ്റ്റേഷനിലെത്തിയ പാര്‍സല്‍ ദീപാവലി സമ്മാനമാണെന്നാണ് പോലീസുകാര്‍ ആദ്യം കരുതിയത്. പിന്നാലെ സംഘത്തെ ഫോണ്‍ എത്തിയതോടെയണ് തൊണ്ടി മുതലാണെന്ന് മനസ്സിലാക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ 28ന് ചെന്നൈ നഗരത്തിലെ തുണിക്കടയില്‍ വലിയ തോതില്‍ മോഷണം നടന്നിരുന്നു. കടയിലെത്തിയ ആറംഗസംഘം ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട ശേഷം സാരികള്‍ മോഷ്ടിക്കുകയായിരുന്നു. ഒരോ സാരിയും 30000 മുതല്‍ 70000 രൂപവരെ വിലവരുന്നവയാണ്. സാരിക്കുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു. പിന്നാലെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ സാരികള്‍ പോലീസിന് അയച്ചത്. മോഷണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറംഗ സ്ത്രീ സംഘമാണ് അറസ്റ്റ് ഒഴിവാക്കാന്‍ മോഷ്ടിച്ച വസ്തുക്കള്‍ പോലീസിന് പാഴ്‌സല്‍ അയച്ചത്. ചെന്നൈ ശാസ്ത്രിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ കിട്ടിയ പാഴ്‌സല്‍ സ്വാഭാവികമായും ദീപാവലി സമ്മാനമാണെന്നു കരുതിയാണ് തുറന്നു നോക്കിയത്. പൊതിക്കുള്ളില്‍ 7 ലക്ഷത്തോളം വിലവരുന്ന സാരികളായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ എത്തി. വിജയവാഡയില്‍ നിന്നും വന്ന ആ ഫോണ്‍കോളില്‍, നഗരത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട സാരികളാണെന്നും അറസ്റ്റ് ഒഴിവാക്കാനായി ഇത് തിരിച്ചുനല്‍കുകയാണെന്നും പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഉടനെ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.