എലത്തൂര്‍ തീവയ്പ് കേസ്: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, വകുപ്പു തല അന്വേഷണം തുടരും

എലത്തൂര്‍ തീവയ്പ് കേസ്: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, വകുപ്പു തല അന്വേഷണം തുടരും

November 13, 2023 0 By Editor

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

കഴിഞ്ഞ ആറ് മാസത്തോളമായി സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഐജി പി വിജയനെ മെയ് 18 നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. തനിക്കെതിരായ ആരോപണങ്ങള്‍ വിജയന്‍ നിഷേധിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല.

വിശദീകരണത്തിന് മേല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വീണ്ടും വെകിപ്പിച്ചു.  ആരോപണങ്ങള്‍ ശരിവച്ചാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പ് തല അന്വേഷണത്തില്‍ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. മൂന്നരമാസമായി തുടരുന്ന സസ്‌പെന്‍ഷന്‍ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വീണ്ടും ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.