ഇന്ത്യയിൽ വൈദ്യുത വാഹന വിൽപ്പനയിൽ മുന്നേറ്റം
കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) വില്പന ചരിത്രമുന്നേറ്റം നടത്തുന്നു. ഒക്ടോബറിൽ മാത്രം 1.39 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഇലക്ട്രിക് വേഷനുകൾക്കാണ് പ്രിയമേറുന്നത്.
നടപ്പു വർഷം ആദ്യ പത്ത് മാസങ്ങളിൽ രാജ്യമൊട്ടാകെ 12.3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണുണ്ടായത് നടപ്പുവർഷം ഇന്ത്യയിലെ മൊത്തം ഇ. വി വില്പന 15 ലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. തുടർച്ചയായ പതിമൂന്നാം മാസമാണ് വില്പന ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്.
ഒക്ടോബറിൽ ഇന്ത്യയിലൊട്ടാകെ 74,664 ഇലക്ട്രിക് ടു വീലറുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവിൽ 56,889 മുച്ചക്ര വാഹനങ്ങളാണ് ഉപഭോക്താക്കൾ വാങ്ങിയത്. പാസഞ്ചർ കാറുകളുടെ വില്പന 7,261 യൂണിറ്റിൽ എത്തി.
ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി ജൂണിൽ വെട്ടിക്കുറച്ചതിനുശേഷം വില്പനയിൽ നേരിയ മാന്ദ്യം ദൃശ്യമായെങ്കിലും ഉത്സവകാല കച്ചവടം സജീവമായതോടെ ഒക്ടോബറിൽ വിപണി മികച്ച ഉണർവിലേക്ക് മടങ്ങിയെത്തി.
വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വിപണിയിൽ ഓല ഇലക്ട്രിക്കിന്റെ മേധാവിത്തം തുടരുകയാണ്. മൊത്തം വിപണിയുടെ 33 ശതമാനം വിഹിതം ഓലയ്ക്കാണ്.രണ്ടാം സ്ഥാനത്തുള്ള ടി. വി. എസ് മോട്ടോറിന് 22 ശതമാനം വിപണി വിഹിതമാണുള്ളത്. ബജാജ് ഓട്ടോ മൂന്നാം സ്ഥാനത്തുണ്ട്.
ഒക്ടോബറിൽ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 5,465 ഇലക്ട്രിക് കാറുകളാണ് വില്പന നടത്തിയത്. മുൻവർഷത്തേക്കാൾ 28 ശതമാനം വർദ്ധനയാണുണ്ടായത്.