പ്രതിയെ തേടിയെത്തിയ പൊലീസിനെ മാതാവ് മിക്സി കൊണ്ടടിച്ചു, ​പിന്നാലെ കത്തികൊണ്ട് വെട്ടി; രണ്ട് പൊലീസുകാർ ആശുപത്രിയിൽ, മാതാവും മകനും കസ്റ്റഡിയിൽ

പ്രതിയെ തേടിയെത്തിയ പോലീസിനെ മാതാവ് മിക്സി കൊണ്ടടിച്ചു, ​പിന്നാലെ കത്തികൊണ്ട് വെട്ടി; കോഴിക്കോട്ട് രണ്ട് പൊലീസുകാർ ആശുപത്രിയിൽ, ഉമ്മയും മകനും കസ്റ്റഡിയിൽ

April 11, 2025 0 By eveningkerala
അ​ർ​ഷാ​ദിനെ പൊലീസ് പി​ടി​കൂടിയപ്പോൾ

മുക്കം (കോഴിക്കോട്): കാരശ്ശേരി വലിയപറമ്പിലെ വീട്ടിൽ മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്.പിയുടെ സ്ക്വാഡിലെ സി.പി.ഒമാരായ ഷാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ട് 3.15ഓടെയായിരുന്നു സംഭവം. തടത്തിൽ കോളനിക്ക് സമീപത്ത് താമസിക്കുന്ന അർഷാദ്, മാതാവ് കദീജ എന്നിവരാണ് പൊലീസുകാരെ ആക്രമിച്ചത്. ഈ മാസം നാലിന് വയനാട്ടിൽനിന്ന് മോഷണംപോയ കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഇരുവരും മറ്റൊരു സി.പി.ഒ വിപിനും പ്രതികളുടെ വീട്ടിലെത്തിയത്.

സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, മോഷണംപോയ കാർ പ്രതികളുടെ വീട്ടിൽ കണ്ടെത്തുകയും അർഷാദിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ പ്രതിയുടെ മാതാവ് മിക്സികൊണ്ട് പൊലീസുകാരെ ആക്രമിച്ചു. തുടർന്ന് അർഷാദ് പറഞ്ഞതനുസരിച്ച് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇത് തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്.

പരിക്കേറ്റ പൊലീസുകാരെ ആദ്യം കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും നൗഫലിന്റെ പരിക്ക് സാരമുള്ളതായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥലത്തെത്തിയ മുക്കം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ആദ്യം അർഷാദിനെയും പിന്നീട് വൈകീട്ട് 5.30ഓടെ മാതാവ് ഖദീജയെയും കസ്റ്റഡിയിലെടുത്തു.