പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പ്രതി  നൗഫിലിന്  ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫിലിന് ജീവപര്യന്തം തടവ് ശിക്ഷ

April 11, 2025 0 By eveningkerala

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതി കണ്ടെത്തിയിരുന്നു.

ഐപിസി 366, 376, 354, 323 എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി, എസ്‌ടി ആക്ട് 5എ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫൽ ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ ആയിരുന്നു. ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്.

2020 സെപ്തംബർ അഞ്ചിനാണ് ആറന്മുളയിൽവച്ച് യുവതി പീഡനത്തിനിരയായത്. അടൂരിൽനിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന് കരുതിക്കൂട്ടി ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുമ്പോൾ പെൺകുട്ടിക്ക് 19 വയസായിരുന്നു പ്രായം. യാത്രാ റൂട്ട് മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.

കോവിഡ് മൂലം അവശയായിരുന്ന പെൺകുട്ടി പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. കേസിനാവശ്യമായ തെളിവുകൾ മൊബൈൽ ഫോണിലൂടെ ശേഖരിച്ചാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്‌തിരുന്നു. ബലാത്സംഗം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വർഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്‌താരം പൂർണമായും വിഡിയോ റെക്കോർഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.