‘10 ലക്ഷം അറേഞ്ച് ചെയ്യൂ, കുട്ടിയെ വീട്ടിൽ കൊണ്ടു തരാം; ബോസ് പറഞ്ഞത് രാവിലെ 10 മണിക്ക് കൊടുക്കാൻ’: പോലീസിനെ അറിയിക്കരുത് ; ബന്ധുവിനോട് സ്ത്രീ

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സംഘത്തിലെ സ്ത്രീ, കുട്ടിയുടെ ബന്ധുവിനോട് പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ആദ്യം കുട്ടിയുടെ അമ്മയെ വിളിച്ച് അ‍ഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ് പത്തു ലക്ഷം ചോദിച്ചത്.

പത്തു ലക്ഷം രൂപ സംഘടിപ്പിക്കണമെന്നും കുഞ്ഞിന് ആപത്തുവരാതിരിക്കണമെങ്കിൽ പൊലീസിൽ അറിയിക്കാൻ നിൽക്കരുത് എന്നും സ്ത്രീ പറഞ്ഞു. ‘‘കുട്ടി സുരക്ഷിതമാണ്. നാളെ 10 മണിക്ക് ഞങ്ങൾ വിളിക്കാം. നിങ്ങളൊരു 10 ലാക്‌സ് അറേഞ്ച് ചെയ്യണം. നാളെ 10 മണിക്ക് കുട്ടിയെ വീട്ടിൽ കൊണ്ടുതരാം. പിന്നെ പൊലീസിനെ അറിയിക്കാൻ ഒന്നും നിൽക്കരുത്. ഈ ഫോണിൽ ഇങ്ങോട്ട് വിളിക്കരുത്. ഇതു ഞങ്ങളുടേതല്ല ഫോൺ. കുഞ്ഞിന് ആപത്തുവരാതിരിക്കണമെങ്കിൽ നിങ്ങൾ പൊലീസിൽ ഇത് അറിയിക്കാതിരിക്കുക‌. ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് നാളെ 10 മണിക്ക് കൊടുക്കണം എന്നാണ്. ’’ സ്ത്രീ പറഞ്ഞു.

ഇപ്പോൾ പണം തന്നാൽ ഇപ്പോൾ തന്നെ കുട്ടിയെ മോചിപ്പിക്കുമോ എന്ന ബന്ധുവിന്റെ ചോദ്യത്തിനാണ് രാവിലെ 10 മണിക്ക് കൊടുക്കാനാണ് ബോസ് പറഞ്ഞിരിക്കുന്നതെന്ന് സ്ത്രീ മറുപടി നൽകിയത്. ഈ നമ്പർ തങ്ങളുടേതല്ലെന്നും ഇതിലേക്ക് തിരിച്ചുവിളിക്കരുതെന്നും സ്ത്രീ പറഞ്ഞു.

ആദ്യം അഞ്ചുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിനിയായ കടയുടമയുടെ ഫോണിൽനിന്നാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർ സാധനങ്ങൾ വാങ്ങാനെത്തി ഒരു കോൾ വിളിക്കാനുണ്ടെന്ന് പറഞ്ഞു കടയുടമയുടെ ഫോൺ ആവശ്യപ്പെടുകയായിരുന്നു.

‘‘ഏഴര കഴിഞ്ഞപ്പോൾ രണ്ടുപേരെത്തി ബിസ്ക്കറ്റ് ചോദിച്ചു. ഓട്ടോയിലാണു രണ്ടുപേരും വന്നത്. ഒരു സ്ത്രീയും പുരുഷനുമാണ് വന്നത്. ഓട്ടോ കടയുടെ കുറച്ചു മുന്നിലായിട്ടാണ് ഇട്ടത്. ബിസ്ക്കറ്റും റസ്ക്കും മൂന്നു തേങ്ങയും വാങ്ങി. ഒരു കോൾ വിളിക്കട്ടെ, എന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്നു പറഞ്ഞ് എന്റെ ഫോൺ വാങ്ങി. ഫോൺ കൊടുത്തപ്പോൾ അതുവാങ്ങി അവർ ഇത്തിരി മുന്നോട്ട് പോയി. ഓരോ സാധനങ്ങളും എടുത്ത് പൊതിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഫോൺ തിരികെ തന്നു. അഞ്ഞൂറിന്റെ നോട്ട് തന്നു, ബാക്കി പൈസ തിരിച്ചു കൊടുത്തു. മാസ്ക് ധരിച്ചിരുന്നില്ല. ഭാര്യയും ഭർത്താവുമാണെന്നാണു വിചാരിച്ചത്. സ്ത്രീക്ക് 35 വയസ്സു കാണും. ഷാൾ തലയിലിട്ടതുകൊണ്ട് ശ്രദ്ധിച്ചില്ല. പുരുഷന് പ്രായം 50 വയസ്സിനടുത്തു കാണും. രണ്ടുപേരെയും കണ്ടാൽ തിരിച്ചറിയും. ഗ്ലാസ് കഴുകിക്കൊണ്ട് നിൽക്കുമ്പോൾ പൊലീസ് വിളിച്ചു. എവിടെ നിൽക്കുന്നെന്ന് ചോദിച്ചു. കടയടയ്ക്കരുതെന്നും ഉടൻ വരുമെന്നും പൊലീസ് പറഞ്ഞു’’– കടയുടമ പറഞ്ഞു.

ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക: 9946923282, 9495578999.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story