ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

November 29, 2023 0 By Editor

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായാണ് 7 ബില്ലുകൾ ഒന്നിച്ചു രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.

മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാതെ രണ്ടു വർഷമായി ഗവർണർ എന്തെടുക്കുകയായിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.

നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പഞ്ചാബ് ഗവർണറെ വിമർശിക്കുന്ന വിധി വായിക്കാൻ കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിക്കുകയും ചെയ്തു. ഇന്നലെ ഡൽഹിയിലേക്കു പോകാനിരുന്ന ഗവർണർ യാത്ര മാറ്റിവച്ചാണു ബില്ലുകളിൽ തീരുമാനമെടുത്തത്.