കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന: അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന: അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

November 30, 2023 1 By Editor

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിത്തിരിവില്‍. കുട്ടിയെ തട്ടിക്കൊണ്ട് പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പണമാണ് ലക്ഷ്യമിട്ടത് എന്നതും വലിയ തുക ആവശ്യപ്പെടാതിരുന്നതും വലിയ മനുഷ്യക്കടത്ത് സംഘമല്ല എന്നതിന് സൂചനയായി പൊലീസ് കരുതുന്നു. അതേസമയം കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നു. ഇതനുസരിച്ച് വിദേശത്തുനിന്ന് അടക്കമുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.

അതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം കുട്ടിയെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങുന്നത്.

നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ
തുടർച്ചയായ ദൃശ്യങ്ങൾ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.

അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം  ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്.