കോളജിൽ അതിഥിയായി വിളിച്ച് അപമാനിച്ചു: ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി; നിയമനടപടി സ്വീകരിക്കും

കോഴിക്കോട്:  സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ…

കോഴിക്കോട്: സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പരിപാടിക്കു വേണ്ടി കോഴിക്കോട്ട് എത്തിയപ്പോഴാണ് അതു റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിച്ചതെന്ന് ജിയോ ബേബി പറയുന്നു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താൻ അപമാനിതനായെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഇതിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഡിസംബർ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘സട്ടില്‍ പൊളിറ്റിക്സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവർ ക്ഷണിച്ചിരുന്നു. അഞ്ചാം തീയതി രാവിലെ ഞാൻ കോഴിക്കോട്ടെത്തിയ എത്തിയ ശേഷമാണ് അറിയുന്നത്, ഈ പരിപാടി കാൻസൽ ചെയ്തുവെന്നത്. ഇത് കോഓർഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവർക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ വ്യക്തമായൊരു കാരണം പറഞ്ഞില്ല.

സോഷ്യല്‍മീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്നു മാറ്റി വയ്ക്കാൻ കാരണമെന്തെന്ന് അറിയാൻ കോളജ് പ്രിൻസിപ്പലിന് ഞാനൊരു മെയിൽ അയച്ചു, വാട്സാപ്പിലും ബന്ധപ്പെട്ടു. എന്താണ് എന്നെ മാറ്റി നിർത്തുവാനും ഈ പരിപാടി കാൻസൽ ചെയ്യുവാനുമുള്ള കാരണമെന്നായിരുന്നു ചോദ്യം. പക്ഷേ ഇതുവരെ മറുപടിയില്ല. അതിനു ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ഈ വിഷയത്തിൽ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോർവേഡ് ചെയ്ത് കിട്ടിയതാണ്.

ഫാറൂഖ് കോളജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023 ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല’ എന്നതാണ് കത്തിൽ. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തിനാണ് ആ പരിപാടി കാൻസൽ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട്ടു വന്ന് തിരിച്ചുവരണമെങ്കിൽ ഒരു ദിവസം വേണം. ഇത്രയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്, അതിനേക്കാളൊക്കെ ഉപരിയായി ഞാൻ അപമാനിതനായിട്ടുണ്ട്.

അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ പ്രതിഷേധിച്ചില്ലെങ്കിൽ ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ്. നാളെ ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ഇത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അല്ലെങ്കിൽ വിദ്യാർഥി യൂണിയനുകൾ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്.’’–ജിയോ ബേബി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story