
തെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെൻറിന് തുടക്കം
December 22, 2023ദമ്മാം: കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന 38ാമത് സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മേള സ്കൈവർത്ത് സീനിയർ സെയിൽസ് ഓഫിസർ സി.കെ.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഫ്രൈഡേ ക്ലബ് ചെയർമാൻ മുഹമ്മദ് അലി, വൈസ് പ്രസിഡൻറ് ശിഹാബ്, എക്സിക്യൂട്ടിവ് അംഗം ആഖിഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ക്ലബ് പ്രസിഡൻറ് ഇൻതികാഫ് ആലം അധ്യക്ഷത വഹിച്ചു. അൽത്താഫ് മുനീർ സ്വാഗതവും ജോയിൻറ് സെക്രട്ടറി ജംഷിദ് നന്ദിയും പറഞ്ഞു. അബൂബക്കർ സിദ്ദീഖ്, ഇർഫാൻ, ഡാനിഷ് എന്നിവരടങ്ങുന്ന ടീം ആറ് ഫ്രാഞ്ചൈസികളുടെ വർണശബളമായ മാർച്ച് പാസ്റ്റിന് നേതൃത്വം കൊടുത്തു.
പിഞ്ചു കുഞ്ഞുങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച്പാസ്റ്റ് മേളക്ക് കൊഴുപ്പേകി. ഉദ്ഘാടന ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ അയാൻ ഉബൈദ്, യാമിൻ, സയാൻ ബിൻ അജ്നാസ് (സബ് ജൂനിയർ), അർമാൻ (ജൂനിയർ), വസീം അബ്ദുൽ സമദ് (സീനിയർ), സാബിത്ത് (സീനിയർ), ഷുക്കൂർ (സീനിയർ), ആശിർ (സൂപ്പർ സീനിയർ) എന്നീ വിഭാഗങ്ങളിലെ കളിക്കാരെ മാൻ ഓഫ് ദി മാച്ചുകളായി തെരഞ്ഞെടുത്തു.