നവകേരള സദസ്സിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

നവകേരള സദസ്സിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

December 23, 2023 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂര്‍ത്തിയാക്കും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക. കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. ഇതേവിഷയത്തില്‍ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വലയമാവും നഗരത്തിലുണ്ടാവുക.